കാവ്യാലാപനം......വാട്സാപ്പ് ഗ്രൂപ്പ് അതിന്റെ പ്രവർത്തനങ്ങളുടെ രണ്ടു വർഷം പൂർത്തീകരിയ്ക്കാൻ ഒരുങ്ങുന്ന വേളയിലാണ് അതിന് ബ്ലോഗ് എന്ന പുതുശാഖ ഉണ്ടാവുന്നത് 
ശാഖകളോടൊപ്പം മരവും വളരുകയാണ്.....കവിതകൾ ചൊല്ലി ഷെയർ ചെയ്യാനുള്ള ഒരു സംവിധാനം എന്നു മാത്രമാണ് ആദ്യം ആലോചിച്ചത് .. തുടക്കത്തിൽ സമാനതല്പരരായ ശ്ലോകരംഗത്തെ സുഹൃത്തുക്കളും മറ്റു കുറച്ചു സഹൃദയരും മാത്രം അംഗങ്ങൾ...ക്രമേണ സംഘം വളർന്നു...
കവി ശ്രീ.മധുസൂദനൻ നായർ, ശ്രീ.എം.ബി.രാജേഷ്, ശ്രീ.ടി.ആർ.അജയൻ, ശ്രീ.രാധാകൃഷ്ണൻ നായർ, ശ്രീ.കരിവള്ളൂർ മുരളി,  ശ്രീ.വി.ടി.മുരളി തുടങ്ങിയ പ്രശസ്തവ്യക്തികൾ സംഘത്തിലെത്തി. ശിവശങ്കരൻ മാഷ്, ആര്യൻ മാഷ്, സരസമ്മ ടീച്ചർ എന്നീ ഗുരു ജനങ്ങളുടെ  സജീവ ഇടപെടലുകൾ....നന്നായികവിത ചൊല്ലാൻ കഴിയുന്നവർ, എഴുതാൻ കഴിയുന്നവർ, വിമർശകർ, സംഘാടകർ അങ്ങിനെ പല റോളിൽ  ശോഭിയ്ക്കാൻ കഴിയുന്നവർ പലപ്പോഴായി ഒത്തു ചേർന്ന് സംഘം ഇന്നു കാണുന്ന നിലയിലെത്തി. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ജീവിയ്ക്കുന്ന മലയാളകവിതാഭ്രാന്തർ ഇന്ന് സംഘത്തെ മുന്നോട്ടു  നയിയ്ക്കുന്നു...
വാട്സ്ആപ്പ് ഗ്രൂപ്പ് എന്ന പരിമിതവലയത്തെ മറികടക്കാനുള്ള ശ്രമങ്ങൾ തന്നെയാണ് ഒരു ഘട്ടത്തിനു ശേഷം സംഘം നടത്തിയത്...മെല്ലെ മെല്ലെ വഴികൾ തെളിയുകയായിരുന്നു...
കവിതകളുടെ ചൊൽവഴികൾ ജനങ്ങളിലേയ്ക്ക്  എത്തിയ്ക്കാനുള്ള ഒരു ദൗത്യമാണ് അതിൽ പ്രധാനം.. നമുക്കും ഒരു ചൊൽവഴി പാരമ്പര്യം ഉണ്ട്. സന്ധ്യാനാമങ്ങളായും കൂട്ടപ്പാട്ടുകളായും ഒപ്പം നടന്ന ഒന്ന് ..കാവ്യശകലങ്ങൾ പഴയ തലമുറക്കാരുടെ സംഭാഷണത്തിൽപ്പോലും കയറി വന്നിരുന്നു അത് അവരുടെ വാക്കുകൾക്ക് ആഴം കൂട്ടി...ധ്വനി ഭംഗിയും.  പതിരില്ലാത്ത ചൊല്ലുകളായി അവ കേൾവിക്കാരുടെ  മനസ്സിൽ വീണു മുളച്ചു...വാക്കിന്റെ നാനാർത്ഥധ്വനികളിൽ നിന്നും ഉയിർപ്പിച്ചെടുത്ത ഫലിതരാജികൾ ചിന്തകൾക്ക് ചിന്തേരായി .
"സംഭാഷണത്തിലെ  കവിതയുടെ ജലവിതാനം താഴുകയാണോ എന്ന്  "പുതുകാലത്തെക്കുറിച്ച് ശ്രീ.കൽപ്പറ്റ നാരായണൻ വ്യാകുലപ്പെടുന്നുണ്ട്...
"അന്നത്തെ വാക്കുകൾ,
നോക്കുകളൊക്കെയും
എന്തൊക്കെയർത്ഥം നിറഞ്ഞവ
വാച്യവും ലക്ഷ്യവും
വ്യംഗ്യവും പിന്നിട്ട്....
പിന്നെയും ബാക്കിയാവുന്നവ" 
എന്ന് ശ്രീ.പി.പി.രാമചന്ദ്രനും  പഴയ കാലത്തേയ്ക്ക് തിരിഞ്ഞു നോക്കി പറയുന്നുണ്ട് .പുതു തലമുറയുടെ സംഭാഷണ മികവിനേയും ആത്മവിശ്വാസത്തേയും ഇത് പ്രതികൂലമായി ബാധിയ്ക്കുന്നു ണ്ടാവണം. കവിതകൾ പ്രചരിപ്പിയ്ക്കുന്നതിലൂടെ ഇത് ഒരു പരിധി വരെ മാറ്റിയെടുക്കാം.
മറ്റൊന്ന് മലയാള ഭാഷ തന്നെ.ഭാഷയുടെ അതിജീവനം പരമ പ്രാധാന്യം അർഹിയ്ക്കുന്ന വിഷയമാണ് .ഉപയോഗിയ്ക്കും തോറും ഭാഷ പ്രചരിയ്ക്കപ്പെടും.. അതിജീവന ശേഷി നേടും ..അതിനു സഹായിയ്ക്കുന്ന ഒന്നാണ് കവിതയുടെ വിവിധ ചൊൽവഴികൾ..മലയാളം പഠിയ്ക്കാതെ വളരുന്ന കുട്ടികൾ ഒരുപക്ഷേ അവർ കേൾക്കുന്ന കവിതകളിലൂടെ മലയാളത്തെ സ്വന്തം സംസ്കാരത്തെ അറിയാൻ ശ്രമിയ്ക്കും...
കാവ്യാവതരണങ്ങൾക്ക് മറ്റൊരു പ്രസക്തി കൂടെയുണ്ട്. .കവിത കേട്ടു തുടങ്ങുന്ന ഒരാൾ പതുക്കെപ്പതുക്കെ വായനയിലേയ്ക്കും സാഹിത്യ ത്തിലേയ്ക്കും തിരിയാം. പ്രകൃതിയേയും ജീവിതത്തേയും കുറിച്ചുള്ള ചില വെളിപാടുകളും ബോധ്യങ്ങളും അയാൾക്ക് മുന്നിൽ തെളിയാം. അപ്പോൾ ഇത് ഒരു സാംസ്ക്കാരിക പ്രവർത്തനം കൂടിയായി മാറുന്നു. ഞാനുൾപ്പെടുന്ന ഒരു തലമുറയുടെ കാവ്യാസ്വാദന താൽപ്പര്യങ്ങളെ പരിപോഷിപ്പിയ്ക്കുന്നതിൽ ,നമുക്കൊപ്പം ഉണ്ട്...
മുന്നോട്ടു പോകാം...
നാം ശരിയായ ദിശയിൽത്തന്നെയാണ്...
                                                                                                                                    
സ്നേഹത്തോടെ..
                                                                                                രാജീവ് കാറല്മണ്ണ         
(Admin കാവ്യാലാപനം)
സ്നേഹത്തോടെ..
(Admin കാവ്യാലാപനം)
(മലയാളം font സെറ്റ് ചെയ്യാന് ഇവിടെ click ചെയ്യുക)
