കാവ്യാലാപനം സല്ലാപം

Friday, October 14, 2016

പി.പി.ആര്‍ കവിതകൾ ഉണർത്തിയ ചിന്തകൾ : by ജയദാസ് .ടി.


"പി.പി.രാമചന്ദ്രന്റെ കവിതകൾ" എന്ന ബൃഹദ് സമാഹാരത്തിന് ശ്രീ: കെ.സി. നാരായണന്റെ അവതാരിക ഇങ്ങനെ തുടങ്ങുന്നു." ഏറ്റവും കൂടുതൽ പലിശ കിട്ടുന്നിടത്ത് നിക്ഷേപിച്ച മുതലാണ് ശ്രീ പി.പി.രാമചന്ദ്രന്റെ കവിതയിലെ ഓരോ വാക്കും" . ദുർമ്മേദസ്സ് ഒട്ടുമേയില്ലാത്ത ഒരു നിരീക്ഷണമാണിത്. ഒരു വാക്കിന്റെ പൊരുളുമായി എത്ര ദൂരം പോകാമോ അത്രയും ദൂരം പോകാവുന്ന യാത്ര തന്നെയാണ് പി.പി.ആറിന്റെ മിക്ക രചനയും .കാലത്തോടും കവിയോടു മൊപ്പം വലുതാവുകയല്ല മറിച്ച് കുറുകി ചെറുതായി സുന്ദരമാവുക തന്നെയാണ് ആ കവിത കൾ.താരതമ്യേന പഴയ കവിതയാണ് ' മാമ്പഴക്കാലം'. ലാളിത്യവും സുതാര്യതയും ചൊൽവഴക്കവും എല്ലാം കൊണ്ട് ഏറെ പ്രചാരം കിട്ടിയ കവിതയുമാണത്. മാങ്ങയണ്ടിക്ക് തുണപോവാൻ പേർ ചൊല്ലി വിളിച്ച് അത് ദൂരേക്കെറിയുമ്പോൾ ഉണരുന്നത് ഗൃഹാതുരത മാത്രമല്ല. പഴയ കാല നാട്ടിൻ പുറത്ത് കുട്ടികളുടെ ഒരു ചെറിയ നേരമ്പോക്കിൽ പോലും അവരറിയാതെ  പാരി സ്ഥിതിക ബോധത്തിന്റെ ഒരു കാവലുണ്ടായിരുന്നു എന്നത് കൂടിയാണ്. ജൈവബോധം ജീവ നിലലിഞ്ഞ ഒരു തലമുറയും , വലിച്ചെറിയുന്ന രാസ മധുരക്കൂടിനിളളിൽ ശൂന്യത നിറച്ച ഒരു യാന്ത്രികതലമുറയും തമ്മിൽ സംഭവിക്കുന്ന ഒരു വർത്തമാനമാണ് "മാമ്പഴക്കാലം'' . ഉള്ളത് മുഴുവൻ പുറത്ത് പറയുന്ന ,ആരോടും മിണ്ടുന്ന ഒരു കവിത. 1993 ലാണ് ഈ കവിത വരുന്നത്. 1998 ൽ എഴുതിയ " ഉത്തരകാലം" എന്ന കവിത മാമ്പഴക്കാലക്കവിതയുടെ ഉത്തരകാലമായും വായിക്കാം. ഫലത്തിന്റെ അഥവാ ഭക്ഷണത്തിന്റെ നഷ്ടപ്പെടുന്ന ജൈവികതയോർത്ത് ഒന്നിൽ കവി അസ്വസ്ഥനാവുമ്പോൾ മറ്റേതിൽ ഉൽക്കണ്ഠപ്പെടുന്നത് വാക്കിന്റെ അഥവാ ഭാഷയുടെ ചോർന്നു പോവുന്ന ജൈവികതയെകുറിച്ചാണ്. ലോലമാം റബ്ബറുറയിട്ട വാക്കുകളിൽ ഇന്ന് നാം അർത്ഥഗർഭങ്ങളെ ഭയക്കേണ്ടതില്ല. വലിച്ചെറിയപ്പെടുന്ന മാംഗോ ഫ്രൂട്ടിക്കൂട്ടിൽ നിന്ന് ഒരു തൈയും വളരാത്ത പോലെ ഷണ്ഡീകരിക്കപ്പെടുന്ന വാക്കുകളെ കുറിച്ചുള്ള നെടുവീർപ്പാ വുന്നു " ഉത്തരകാലം" . അവസാനത്തെ മധുകണവും വലിച്ചീമ്പിയാണെങ്കിലും ദൂരേക്കെറി യുന്ന , വാച്യവും വ്യംഗ്യവും പിന്നിട്ട് പിന്നെയും തളിർക്കുന്ന വാക്കിൻ വിത്തുകൾക്കയി ഇന്നത്തെ ഭാഷയിൽ നാം ഏറെ തിരയേണ്ടി വരും. മുമ്പ് ഭാഷയിലെ ജലാംശം തൊടാൻ നമുക്ക് ഏറെ കുഴിക്കേണ്ടി വന്നിരുന്നില്ല. ഏതായാലും ഒരേ ആശയത്തിന്റെ രുചിപ്പതിപ്പിൽ നിന്നും ഭാഷാ പതിപ്പിലേക്കുള്ള മുതിർച്ചയാണ് ഇവിടെ കാണുന്നത്. ഇത്തരത്തിൽ പുതിയ കവിതകളിലേക്കെത്തും തോറും  ഒരിടത്ത് ഉപയോഗിക്കുന്ന ഒരു വാക്ക് അതേ കവിതയിൽ മറ്റൊരിടത്ത് ദൃശ്യമായോ അദൃശ്യമായോ വളർന്ന് കനികൾ തരുന്നത് കാണാം.
                                     "കാറ്റേ കടലേ " എന്ന കവിത നോക്കുക -

                            "ഉമ്മറക്കോലായിൽ നിന്ന് 
                             രാത്രിയിൽ എടുത്തു വെക്കാൻ മറന്ന 

                            കിണ്ടി  കളവ് പോയതുപോലെ 
                            വയൽക്കരയിലുള്ള ഒരു കുന്ന്

                             പുലർച്ചയ്ക്ക് കാണാതായി".


നാട്ടിൻ പുറത്തെ കുന്നുകളെല്ലാം വരിവരിയായ് നിന്ന് ലോറിയിൽ കയറി റോഡ് പണിക്ക് പോവുന്ന, സമകാലിക വികസന സങ്കല്പത്തെ ചോദ്യം ചെയ്യുന്ന ഈ കവിതയുടെ ഉമ്മറത്ത് എന്തിനാണ് കവി ഒരു കിണ്ടിതന്നെ മറന്നു വെച്ചത്? കുന്നുകൾ ഒരു പ്രദേശത്തിന്റെയാകെ ജലസംഭരണിയാകുന്നതു പോലെ കിണ്ടി പഴയ കാല വീടുകളിലെ ജല സംരക്ഷണത്തിന്റെ പ്രതീകമാവുന്നു എന്ന് തിരിച്ചറിയുമ്പോഴാണ് ഈ കവിതയിലെ കിണ്ടി എന്ന ബിംബം അസംഖ്യം ചെറിയ കുന്നുകളായി വളരുന്നത്. ഇങ്ങനെ ഓരോ വാക്ക് കൊണ്ടും അർത്ഥപ്പെരുക്കങ്ങൾ തീർക്കുന്നു പി.പി.ആറിലെ കവി. പരിസ്ഥിതിക്ക് സംഭവിക്കുന്ന ഓരോ പരിക്കും ഭാഷക്കും സംസ്കാരത്തിനും കൂടി ഏൽക്കുന്ന പരിക്കായി കാണുന്നതിനാലാവണം ഇദ്ദേഹത്തിന്റെ ഓരോ പരിസ്ഥിതി കവിതയും ഓരോ ഭാഷാ കവിതയായി കൂടി മാറുന്നത്. പട്ടാമ്പി പുഴ മണലിൽ, ഭാഷ - കണക്ക്, തുടങ്ങി നിരവധി ഉദാഹരണങ്ങൾ.

                   "നിറുത്തണം മുറുക്കുന്ന ശീലം
                    നമുക്ക് റഫീക്കേ

                    വെറ്റില മുറുക്കിലും കവിതയെഴുത്തിലും " എന്ന്


തന്റെ സുഹൃത്തായ കവിയോട് കവിതയിലൂടെ പറയുന്നുവെങ്കിലും പിന്നെയും മുറുക്കം കൂടുക തന്നെയാണ് പി.പി.ആർ കവിതകളിൽ.....




പി.പി. രാമചന്ദ്രന്‍റെ  ചില കവിതകൾ ഉണർത്തിയ ചിന്തകൾ  by   ജയദാസ് .ടി.

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Blogger Templates