
"പി.പി.രാമചന്ദ്രന്റെ കവിതകൾ" എന്ന ബൃഹദ് സമാഹാരത്തിന് ശ്രീ: കെ.സി. നാരായണന്റെ അവതാരിക ഇങ്ങനെ തുടങ്ങുന്നു." ഏറ്റവും കൂടുതൽ പലിശ കിട്ടുന്നിടത്ത് നിക്ഷേപിച്ച മുതലാണ് ശ്രീ പി.പി.രാമചന്ദ്രന്റെ കവിതയിലെ ഓരോ വാക്കും" . ദുർമ്മേദസ്സ് ഒട്ടുമേയില്ലാത്ത ഒരു നിരീക്ഷണമാണിത്. ഒരു വാക്കിന്റെ പൊരുളുമായി എത്ര ദൂരം പോകാമോ അത്രയും ദൂരം പോകാവുന്ന യാത്ര തന്നെയാണ് പി.പി.ആറിന്റെ മിക്ക രചനയും .കാലത്തോടും കവിയോടു മൊപ്പം വലുതാവുകയല്ല മറിച്ച് കുറുകി ചെറുതായി സുന്ദരമാവുക തന്നെയാണ് ആ കവിത കൾ.താരതമ്യേന പഴയ കവിതയാണ് ' മാമ്പഴക്കാലം'. ലാളിത്യവും സുതാര്യതയും ചൊൽവഴക്കവും എല്ലാം കൊണ്ട് ഏറെ പ്രചാരം കിട്ടിയ കവിതയുമാണത്. മാങ്ങയണ്ടിക്ക് തുണപോവാൻ പേർ ചൊല്ലി വിളിച്ച് അത് ദൂരേക്കെറിയുമ്പോൾ ഉണരുന്നത് ഗൃഹാതുരത മാത്രമല്ല. പഴയ കാല നാട്ടിൻ പുറത്ത് കുട്ടികളുടെ ഒരു ചെറിയ നേരമ്പോക്കിൽ പോലും...